കൊച്ചി:
അവതാരകയായും നടിയുമായും ബോഡി ബില്‍ഡറായും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീയ. ശ്രീയയ്ക്ക് ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും നേരത്തെ വലിയ വിവാദമായതാണ്. ഇപ്പോഴത്തെ ഒരു സെലിബ്രിറ്റിയും ബിഗ്‌ബോസിലെ മത്സരാർത്ഥിയുമായിരുന്ന ഒരാൾ ആയിരുന്നു ശ്രീയയുടെ ജീവിതത്തിൽ വളരെയേറെ പ്രതിസന്ധി ഉണ്ടാക്കിയതെന്ന് താരം തുറന്ന് പറയുന്നു.
ജീവിതത്തില്‍ നേരിട്ട ചില അപകടങ്ങളും താന്‍ തരണം ചെയ്ത പ്രതിസന്ധികളെയും കുറിച്ച് അവർ മുൻപ് വീഡിയോ ചെയ്തിരുന്നു. തന്റെ ജീവിതത്തില്‍ താന്‍ പരാജയപ്പെട്ടത് റിലേഷന്‍ഷിപ്പിലാണ് എന്നാണ് ശ്രീയ വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ ആയിരുന്നപ്പോള്‍ ജീവിതം മുന്നോട്ടുപോകാന്‍ ഒരുപാട് കഷ്ടപ്പെട്ടു. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു. പക്ഷേ ഇന്ന് ആ പ്രശ്നങ്ങളെല്ലാം മറന്നുവെന്നും താരം പറയുന്നു.
കൊച്ചിയിലേക്ക് മാറിയ സമയത്തായിരുന്നു ഒരു പ്രണയ കുരുക്കില്‍ അകപ്പെട്ടത്. ഹൃദയം കൊണ്ടല്ല അടുത്തത്. മറിച്ച് നാട്ടുകാരെ ഭയന്ന് അടുക്കുകയായിരുന്നു. പ്രണയിച്ച വ്യക്തി അന്യ മതസ്ഥനായിരുന്നു. റിലേഷന്‍ഷിപ്പില്‍ തോൽക്കണ്ടെന്ന് കരുതി പിടിച്ചു നിന്നു. എന്നാല്‍, തന്റെ കാമുകനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു.
തനിക്ക് പങ്കാളിയില്‍ നിന്നും ഒരുപാട് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. പോലീസ് സ്റ്റേഷനിലോ, സുഹൃത്തുക്കളോടോ ഉപദ്രവത്തെക്കുറിച്ച് പറയുമെന്ന ഘട്ടം വന്നപ്പോഴാണ് ശാരീരിക ഉപദ്രവം കൂടിയത്. പങ്കാളിക്കെതിരെ കേസ് വരും, ഇറങ്ങിപ്പോവുമെന്നായപ്പോള്‍ അയാള്‍ എന്റെ കാലൊടിച്ചു. കാല് തിരിച്ച് ഒടിക്കുകയായിരുന്നു. ഇടയ്ക്ക് മൂക്കില്‍ ഇടിച്ച് മുറിച്ചു. മൂക്കില്‍ സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. തന്നെ ബെല്‍റ്റ് കൊണ്ടൊക്കെ തല്ലുമായിരുന്നുവെന്നും ശ്രീയ വേദനയോടെ ഓര്‍ക്കുന്നു .
പ്രണയത്തില്‍ എനിക്ക് വിലയില്ല എന്ന് മനസ്സിലായതോടെ, അവിടെ നിന്നും ഒരുവിധത്തിൽ രക്ഷപെടുകയായിരുന്നെന്നും പിന്നീട്, ഏറെക്കാലമെടുത്തു ആ മുറിവുകൾ ഉണങ്ങാനെന്നും ശ്രീയ പറയുന്നു. കൂടാതെ, താന്‍ അവതാരകയായിരുന്ന കാലത്തെക്കുറിച്ചും ശ്രീയ ഓര്‍ത്തെടുക്കുന്നു. എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ ചെക്ക് കൈയ്യില്‍ കിട്ടു. അരമണിക്കൂര്‍ എപ്പിസോഡാണെങ്കില്‍ 1200-1500 ഒക്കെയാണ് കിട്ടുന്നത്.
ആ പൈസ കിട്ടിയാലേ തനിക്ക് ഭക്ഷണം കഴിക്കാനാകൂ. ഭക്ഷണം കഴിക്കുന്നതു പോലും കണക്കുകൂട്ടിയാണ്. ആദ്യം കപ്പ വാങ്ങിക്കും. പിന്നെ പാനിപൂരിയാവും. സാധാരണ വെഡ്ഡിങ് ആണെങ്കില്‍ പോലും അവതാരകയായി പോകാറുണ്ട്. അത്തരത്തില്‍ പോയാണ്, വാടക കൊടുക്കാനുള്ള പണം കണ്ടെത്തിയിരുന്നത്.
പ്രണയ ബന്ധത്തിൽ നിന്നും ഏറ്റ കഠിന പീഡനത്തിന് ശേഷം ഒരിക്കല്‍ താന്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തിയിരുന്നു. വിഷാദം കൂടിയപ്പോഴായിരുന്നു താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റിലേഷന്‍ കഴിഞ്ഞ് കുറച്ചുനാള്‍ രണ്ടുമൂന്ന് വര്‍ഷമൊക്കെ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നു. ആ കാലത്ത് അമ്മ ആരും അറിയാതെ ഫോണില്‍ വിളിക്കുമായിരുന്നു. വല്ലതും കഴിച്ചോ മോളേയെന്നൊക്കെ ചോദിക്കും. തന്റെ അച്ഛനും ചേട്ടനുമൊന്നും മിണ്ടില്ലായിരുന്നുവെന്നും ശ്രിയ പറയുന്നു.