ഏതോ നൂറ്റാണ്ടിൽ നിൽക്കുന്ന മനുഷ്യ രൂപികളോട് ഒന്നേ ചോദിക്കാനുള്ളൂ, നിങ്ങൾക്കൊന്നും ഉളുപ്പില്ലേ?: ശ്രീജ നെയ്യാറ്റിൻകര

ഏതോ നൂറ്റാണ്ടിൽ നിൽക്കുന്ന മനുഷ്യ രൂപികളോട് ഒന്നേ ചോദിക്കാനുള്ളൂ, നിങ്ങൾക്കൊന്നും ഉളുപ്പില്ലേ?: ശ്രീജ നെയ്യാറ്റിൻകര

 


കൊച്ചി: 

സ്വവർഗാനുരാഗികളായ ആദിലയ്ക്കും ഫാത്തിമ നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ സദാചാര മലയാളികളുടെ പ്രതിഷേധം. ആദിലയെയും നൂറയെയും സംസ്കാരം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇത്തരക്കാർക്ക് കൃത്യമായ മറുപടി നൽകുകയാണ് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. വ്യക്തിയുടെ തെരഞ്ഞെടുപ്പിന് അവകാശം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്ത് അപരന്റെ വ്യക്തി സ്വാതന്ത്ര്യത്തെ വിചാരണ ചെയ്യാൻ ഉളുപ്പില്ലേ എന്ന് ചോദിക്കുകയാണ് ശ്രീജ.


‘ആദില തന്റെ പ്രണയിനിയെ പൊരുതി നേടിയിരിക്കുന്നു. സ്വവർഗാനുരാഗികളായ മനുഷ്യരെ വിചാരണ ചെയ്ത് നടക്കുന്ന ഏതോ നൂറ്റാണ്ടിൽ നിൽക്കുന്ന മനുഷ്യ രൂപികളോട് ഒന്നേ ചോദിക്കാനുള്ളൂ, വ്യക്തിയുടെ തെരഞ്ഞെടുപ്പിന് അവകാശം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്ത് അപരന്റെ വ്യക്തി സ്വാതന്ത്ര്യത്തെ വിചാരണ ചെയ്യാൻ നിങ്ങൾക്കൊന്നും ഉളുപ്പില്ലേ മനുഷ്യരേ? ആ പെൺകുട്ടികൾക്ക് ഒരുമിച്ചു ജീവിക്കാൻ ഹൈക്കോടതി അനുവാദം നൽകിയത് ഭരണഘടന തുറന്നു വച്ചിട്ടാണ് എന്ന മിനിമം ബോധമെങ്കിലും ആ കുട്ടികളെ ‘സംസ്കാരം ‘ പഠിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നവർക്കുണ്ടാകണം’, ശ്രീജ നെയ്യാറ്റിൻകര ഫേസ്‌ബുക്കിൽ കുറിച്ചു.


അതേസമയം, ആദിലയുടെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച കോടതിയാണ് ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയത്. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദില നസ്റിനൊപ്പം കോടതി വിട്ടയച്ചു. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശി ആദില നസ്റിന്റെ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിൽ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി.