ബെംഗ്‌ളൂറു: കെജിഎഫ് ചാപ്റ്റര്‍ ടു ആക്ഷന്‍ രംഗങ്ങള്‍ക്കിടെ തിയേറ്ററില്‍ യുവാവിന് വെടിയേറ്റു.
കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയേറ്ററിലുണ്ടായ തര്‍ക്കത്തില്‍ ഹാവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരി(27)ക്കാണ് വെടിയേറ്റത്.
യുവാവിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസന്ത്കുമാറിന്റെ വയറ്റിലാണ് വെടിയേറ്റതെന്നും അപകടനില തരണം ചെയ്തതായും സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചതായും ഹാവേരി എസ് പി ഹനുമന്തരായ അറിയിച്ചു.
പൊലീസ് പറയുന്നത്: ഹാവേരിയിലെ തിയേറ്ററില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വസന്തകുമാര്‍ സിനിമ കാണുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. മുന്നിലെ സീറ്റിലേക്ക് വസന്തകുമാര്‍ കാല്‍ കയറ്റിവച്ചതിനെ മുന്നിലിരുന്നയാള്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കത്തിനൊടുവില്‍ മുന്നിലെ സീറ്റിലിരുന്നയാള്‍ പുറത്തേക്ക് പോയി കൈത്തോക്കുമായി തിരിച്ചെത്തുകയായിരുന്നു.
തുടര്‍ന്ന് വസന്തകുമാറിനുനേരെ മൂന്നു തവണ വെടിയുതിര്‍ത്തു. ഇതില്‍ രണ്ടു തവണയാണ് വസന്ത്കുമാറിന് വെടിയേറ്റത്. വെടിയൊച്ച കേട്ടതോടെ തിയറ്ററിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തിനിടയില്‍ വെടിയുതിര്‍ത്ത പ്രതിയും രക്ഷപ്പെട്ടു. പൊലീസെത്തിയാണ് വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം, കെജിഎഫ് ചാപ്റ്റര്‍ ടു തിയേറ്ററുകളില്‍ നിറഞ്ഞ സദസുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത ആറാം ദിവസം ഇന്‍ഡ്യയില്‍ ചിത്രം നേടിയത് 50 കോടി കളക്ഷനാണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രിലര്‍ സിനിമയായ കെജിഎഫിന്റെ രണ്ടാം ഭാഗമായ ചാപ്റ്റര്‍ ടു ഏപ്രില്‍ 14നാണ് തിയേറ്ററുകളിലെത്തിയത്.
ചിത്രം ആദ്യ ദിനം തന്നെ നേടിയത് 135 കോടി രൂപയാണ്. 100 കോടിയില്‍ താഴെയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രം ആര്‍ആര്‍ആര്‍ സിനിമയുടെ അഡ്വാന്‍സ് ടികറ്റ് ബുക്കിങ് റെകോര്‍ഡ് ഭേദിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷന്‍ നേടിയ ചിത്രമെന്ന റെകോര്‍ഡും കെജിഎഫ് ടു സ്വന്തമാക്കിയിരുന്നു.