ശുചിമുറി അന്വേഷിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായെത്തി പോലീസ്; ഒളിവില്‍പോയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍

ശുചിമുറി അന്വേഷിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായെത്തി പോലീസ്; ഒളിവില്‍പോയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍

 


ലഖ്‌നൗ: 

ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടാന്‍ ബുള്‍ഡോസറുമായെത്തി തന്ത്രലൂടെ പിടികൂടി ഉത്തര്‍പ്രദേശ് പോലീസ്. പ്രതിയുടെ വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ ബലാത്സംഗ കേസിലെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.


പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ശൗചാലയത്തില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പിടികൂടാനായാണ് പോലീസ് ബുള്‍ഡോസറുമായി എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കായി പ്രതാപ്ഘട്ട്, പ്രയാഗ് രാജ്, അമേഠി ജില്ലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെയാണ് ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിലേക്ക് ബുള്‍ഡോസറുമായി പോലീസെത്തിയത്.വീടിന് മുന്നില്‍ ബുള്‍ഡോസര്‍ പാര്‍ക്ക് ചെയ്ത പോലീസ്, തിങ്കളാഴ്ച രാവിലെ തന്നെ പോലീസിന് മുന്നില്‍ കീഴടങ്ങണമെന്ന് അന്ത്യശാസനം നല്‍കി. കീഴടങ്ങിയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുമെന്നും പറഞ്ഞു. ഇതിനുപിന്നാലെ പ്രതി മറ്റൊരിടത്തുവെച്ച് പോലീസിന് കീഴടങ്ങിയെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

ഭര്‍ത്താവിനൊപ്പം പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷനിലെത്തിയ ഇരുപത് വയസ്സുകാരിയാണ് സ്റ്റേഷന് പുറത്തെ ശൗചാലയത്തില്‍ അതിക്രമത്തിനിരയായത്. ഭര്‍ത്താവിനൊപ്പം അഹമ്മദാബാദിലേക്ക് പോകാനായാണ് യുവതി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ ഭക്ഷണം വാങ്ങാനായി ഭര്‍ത്താവ് സ്റ്റേഷന് പുറത്തേക്ക് പോയി. പിന്നാലെ യുവതി സ്റ്റേഷനിലെ ശൗചാലയ കെട്ടിടത്തിലേക്കും പോയി. യാത്രക്കാരുടെ തിരക്കായതിനാല്‍ സ്റ്റേഷനിലെ ശൗചാലയം ഉപയോഗിക്കാനായില്ല.


തുടര്‍ന്ന് സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ഭര്‍ത്താവിനെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതി യുവതിയെ സമീപിച്ചത്. എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചാണ് പ്രതി യുവതിയുടെ അടുത്തെത്തിയത്. ശൗചാലയത്തില്‍ പോകണമെന്നും അതിനുള്ള സൗകര്യം സമീപത്തുണ്ടോ എന്നും യുവതി തിരക്കി. ഇതോടെ പ്രതി ശൗചാലയ സൗകര്യം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

റെയില്‍വേ സ്റ്റേഷന് പുറത്തുള്ള ഒരു ശൗചാലയത്തിലേക്കാണ് പ്രതി യുവതിയെ കൊണ്ടുപോയത്. വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ തുറക്കാനുള്ള താക്കോലും നല്‍കി. എന്നാല്‍ യുവതി പൂട്ട് തുറന്ന് ശൗചാലയത്തില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രതി അതിക്രമിച്ച് കയറുകയും വാതില്‍ അകത്തുനിന്ന് പൂട്ടി യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ചില നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഇതിനിടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.